Monday, May 14, 2007

സ്നേഹിക്കരുത്...


സ്നേഹിക്ക നീ നിന്നെ മാത്രം
സ്നേഹിക്കരുതാരേയും നീ നിന്നെയല്ലാതെ
സ്നേഹം നീ സ്വീകരിക്കരുതാരുടേതും
സ്നേഹത്തിന്‍ വില നിന്‍ ജന്മതന്നെയാകാം...

ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും
ദ്രോഹത്തിന്മേലെ സ്നേഹം നാട്യമായിടേണം!
ദ്രോഹിക്കുന്നവനെ നീ സ്നേഹിച്ചീടേണമെന്തന്നാല്‍
ദ്രോഹി നിന്റെ ജന്മത്തിന് വിലയിടില്ലെന്നറിയുക.

നീ പ്രതീക്ഷിക്കരുത്:
നിന്റെ സ്നേഹം സ്വീകരിക്കപ്പെടുന്നുവെന്ന്
നീ സ്വീകരിക്കപ്പെടാന്‍ യോഗ്യനെങ്കില്‍ മാത്രം
നിന്റെ സ്നേഹം സ്വീകരിക്കപ്പെടും
നീ അസ്വീകാര്യനാണെങ്കില്‍
നിന്റെ സ്നേഹവുമതു തന്നെ.
നീ സ്നേഹിക്കേണ്ടതെപ്പോഴും

നിന്നെ മാത്രമെന്തെന്നാല്‍
നീ സ്വീകാര്യനാകുന്നതെപ്പോഴും

നിനക്ക് മാത്രമല്ലോ?

14 comments:

അഞ്ചല്‍ക്കാരന്‍ said...

“ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും”

വല്യമ്മായി said...

എല്ലാവരേയും സ്നേഹിക്കുക.പ്രതിഫലം മിക്കവാറും വേദനയായിരിക്കും.പക്ഷെ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ എവിടെ നിന്നെങ്കിലും തിരിച്ച് കിട്ടാതിരിക്കില്ല.

അപ്പൂസ് said...

അപ്പൂസിനോട് ഒരാള്‍ ഇതേ പാഠം ഈയിടെ പറഞ്ഞു തന്നതേ ഉള്ളൂ.. അത്രയ്ക്കങ്ങ് ബോധ്യമാവുന്നില്ല. കാലം ബോധ്യപ്പെടുത്തുമായിരിക്കും ചിലപ്പോ, അറിയില്ല. ഏതായാലും, ഇപ്പോ വല്യമ്മായിയുടെ കൂടെയാ അപ്പൂസ് :)

വേണു venu said...

അപ്പൂസേ,
വിയോജിപ്പുണ്ടു്. ഒന്നാം പാഠവും രണ്ടാം പാഠവും, അനുഭവങ്ങള്‍‍ തീര്ത്ത പാഠങ്ങളെന്നറിയുന്നതിനാല്‍‍ വരികളിലെ വേദന അറിയുന്നുമുണ്ടു്.:)

അപ്പു ആദ്യാക്ഷരി said...

യോജിക്കുന്നില്ല...
wait and see.. എന്നു മാത്രം പറയാം.

ഉണ്ണിക്കുട്ടന്‍ said...

അറിയാതെ ആണെങ്കിലും നമ്മള്‍ ഏറ്റവും അധികം സ്നേഹിക്കുന്നതു നമ്മളെത്തന്നെ. ദാനം കൊടുക്കുന്നതും നന്മ ചെയ്യുന്നതും നമ്മുടെ സ്വന്തം മനശാന്തിക്കു വേണ്ടിയല്ലേ..ഒരു നിര്‍വൃതിക്കു വേണ്ടി. പക്ഷെ അറിഞ്ഞു കൊണ്ടു സ്വാര്‍ത്ഥനാകണം എന്ന ആശയത്തോട് വിയോജിക്കുന്നു. പ്രതീക്ഷകള്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനു ജീവിക്കണം ..

അപ്പൂസ് said...

വേണുവേട്ടാ, വിയോജിച്ചോളൂ :)
പിന്നെ അനുഭവങ്ങള്‍.അത് പഠിപ്പിക്കുന്ന പാഠങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കില്‍ ആ പാഠം പഠിച്ചു പാസ്സാവേണ്ട പരീക്ഷകളിലൊക്കെ അപ്പൂസ് തോല്ക്കുകയേ ഉള്ളു , പഠിക്കൂല്ലാന്നു വാശിയാ.
അപ്പുവേട്ടന്‍ വിയോജിക്കുന്നത് അഞ്ചല്‍ക്കാരനോടോ, വേണുവേട്ടനോടോ അതോ അപ്പൂസിനോടോ?
ഉണ്ണിച്ചുട്ടന്‍ പറഞ്ഞത് മനസ്സിലായി.

അഞ്ചല്‍ക്കാരന്‍ said...

അപ്പൂസേ ഞാന്‍ പഠിച്ചപാഠങ്ങളാണ്. പക്ഷേ പാസായില്ല. അതുകൊണ്ടാണല്ലോ പരാജിതനായതും.
വല്യമ്മായി പറഞ്ഞത് അക്ഷരം പ്രതി ശരി. സ്നേഹത്തിന് പ്രതിഫലേഛ പാടില്ല തന്നെ. പക്ഷേ സ്നേഹം സ്വീകരിക്കപ്പെടാനും ഉപാധികളുണ്ട്. പണവും പ്രതാപവും ഇല്ലാത്തവന്റെ സ്നേഹം മണവും നിറവുമില്ലാത്ത പൂവു പോലെയാണ്. എന്തിനോവേണ്ടി വിരിയുന്നു ആര്‍ക്കോവേണ്ടി നില്‍ക്കുന്നു ആരോരുമറിയാതെ കൊഴിയുന്നു. മണവും നിറവും ഗുണവുമൊക്കെയുള്ള പൂവാണങ്കിലോ? അതു തന്നെയാണ് സ്നേഹത്തിന്റേം കാര്യം. കൊടുക്കുന്നതിനേക്കാള്‍ തിരിച്ചു കിട്ടണ്ട. കൊടുക്കുന്നതും തിരിച്ചു കിട്ടണ്ട. പക്ഷേ കൊടുക്കുന്നത് സ്വീകരിക്കപെടാതെ വന്നാലോ? അങ്ങിനെയും ഒരവസ്ഥയുണ്ട് വല്യമ്മായീ.
ഉണ്ണികുട്ടാ,
നീ നിന്നെ തന്നെയാണ് സ്നേഹിക്കേണ്ടതെന്ന് പറയേണ്ടി വന്നത് സമൂഹത്തിന്റെ ഇന്നത്തെ നിലപാടങ്ങിനെയാണെന്ന തിരിച്ചറിവിലാണ്. അതെന്റെ ഉപദേശമല്ല. ഞാന്‍ പഠിച്ചപാഠമാണ്.
ഈ വഴി വന്ന
വല്യമ്മായിക്കും
അപ്പൂസിനും
വേണൂനും
അപ്പുവിനും
നന്ദി....

സാജന്‍| SAJAN said...

, എല്ലാരും നടക്കുന്ന വഴികളില്‍ നിന്നും മാറിനടക്കുന്ന താങ്കളുടെ വീക്ഷണം അഭിനന്ദിക്കുന്നു, പക്ഷേ കാഴ്ച പാടില്‍ വിയൊജിപ്പുണ്ട്...!
അവസാനത്തെ പാര‍ഗ്രാഫ് കുറേ കൂടെ.. അക്സ്പറ്റബിളാണ് .. എന്റെ നോട്ടത്തില്‍...:)

മണ്ടൂസ് said...

സാജനോടു യോജിക്കുന്നു, പക്ഷെ അവസാനത്തെ പാരഗ്രാഫിനോട് പോലും എനിക്ക് യോജിക്കാന്‍ കഴിയില്ല. നിരാശയാണ് ഈ വരികളില്‍ നിഴലിക്കുന്നത്, എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ട് മറ്റുള്ളവരെ സ്നേഹിക്കാന്‍ ശ്രമിക്കുന്നതിലെ കപടത നല്‍കുന്ന നിരാശ.

ഏറനാടന്‍ said...

അഞ്ചലുകാരാ വാസ്തവമാണത്‌. തീഷ്‌ണാനുഭവമുള്ളൊരു മനസ്സിലേ ഇത്‌ നിര്‍ഗ്ഗളിക്കൂ അതുള്‍ക്കൊള്ളൂ.. അല്ലാത്തവര്‍ക്കതൊരു സ്വാഹാഃ

അഞ്ചല്‍ക്കാരന്‍ said...

സാജന്നും നന്ദി
മുന്തിരിക്കും നന്ദി
ഏറനാടനും നന്ദി
കാഴ്ചപാടുകളും വീക്ഷണങ്ങളും പങ്കുവച്ച എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

സീയെം said...

കവിത ഇഷ്ട്ടപ്പെട്ടു.പക്ഷെ ആശയത്തോട് യോജിക്കാന്‍...

അഞ്ചല്‍ക്കാരന്‍ said...

കവിതയല്ല സീയെം. “പരിദേവനമാണ്.” അഥവാ “പതം പറച്ചില്‍”.
കവിതയെഴുതുവാനൊന്നുമെനിക്കറിയില്ല.
വന്നതിനും അഭിപ്രായമറിയൈച്ചതിനും നന്ദി.