Sunday, July 29, 2007

നീ അറിയേണ്ടുന്നത്.

ആദ്യം നീയാരെ തിരിച്ചറിയണം?

നിന്നെ?
ബന്ധുവിനെ?
മിത്രത്തെ?
ശത്രുവിനെ?

അതേയ് ആദ്യം നീ നിന്നെ തിരിച്ചറിയണം.
പിന്നെ നിന്റെ മിത്രത്തെ.

ശത്രുവിനെ നീയറിയുമുമ്പ്
നിന്റെ ബന്ധുവിനെ നീ തിരിച്ചറിഞ്ഞിരിക്കണം.
എന്തെന്നാല്‍:
മിത്രം ശത്രുവാകുന്നതും ബന്ധു മിത്രമാകുന്നതും
മിത്രമായ ബന്ധു ശത്രുവായി പരിണമിക്കുന്നതും
നീയറിയില്ല.

നീയതറിയുമ്പോഴേക്കും
നീ നിനക്ക് തന്നെ ശത്രുവായി തീര്‍ന്നിരിക്കും.
പിന്നെയും:
മിത്രം നിനക്ക് നിന്റെ നിഴല്‍ മാത്രമാകവേ
ബന്ധു നിന്റെ നിഴലിന് മേല്‍ പരക്കുന്ന ഇരുട്ടായി
നിന്നെ പൊതിയുന്നുമുണ്ടാകും.

ഒടുവില്‍:
നീയറിയുക നിന്റെ നിഴലിനെ പോലും
നിനക്കറിയാന്‍ കഴിഞ്ഞില്ലായിരുന്നുവെന്ന്

എന്നിട്ടോ:
നീയറിഞ്ഞതോ?
നീ തന്നെയും നിഴലായിരുന്നുവെന്നത്.
ഇരുട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍
കഴിയാത്ത ദുര്‍ബലമായ നിഴല്‍....