Wednesday, May 23, 2007

അരുത്..

അരുതരുതു് പറയരുത്-
അറിയുന്നതൊന്നും പറയരുത് .
അരുതരുതു് ചെയ്യരുത്-
പറയുന്നതൊന്നും ചെയ്യരുത് .
അരുതരുതു് ഓര്‍ക്കരുത്-
ചെയ്യുന്നതൊന്നും ഓര്‍ക്കരുത് .

അരുതരുതു് മടിക്കരുത്-
പറയേണ്ടത് പറയാന്‍ മടിക്കരുത് .
അരുതരുത് കെഞ്ചരുത്-
കിട്ടാഞ്ഞത് കിട്ടാന്‍ കെഞ്ചരുത് .
അരുതരുത് കൊടുക്കരുത്-
കിട്ടാനായിട്ടൊന്നും കൊടുക്കരുത്.

അരുതരുത് ചതിക്കരുത്-
സ്വമനസ്സിനെ ചതിക്കരുത് .
അരുതരുത് തുറക്കരുത്-
മനസ്സിനെ മലര്‍ക്കേ തുറക്കരുത്.
അരുതരുത് മറക്കരുത്-
മനസ്സിനെ മറയ്ക്കാന്‍ മറക്കരുത്...

Monday, May 14, 2007

സ്നേഹിക്കരുത്...


സ്നേഹിക്ക നീ നിന്നെ മാത്രം
സ്നേഹിക്കരുതാരേയും നീ നിന്നെയല്ലാതെ
സ്നേഹം നീ സ്വീകരിക്കരുതാരുടേതും
സ്നേഹത്തിന്‍ വില നിന്‍ ജന്മതന്നെയാകാം...

ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും
ദ്രോഹത്തിന്മേലെ സ്നേഹം നാട്യമായിടേണം!
ദ്രോഹിക്കുന്നവനെ നീ സ്നേഹിച്ചീടേണമെന്തന്നാല്‍
ദ്രോഹി നിന്റെ ജന്മത്തിന് വിലയിടില്ലെന്നറിയുക.

നീ പ്രതീക്ഷിക്കരുത്:
നിന്റെ സ്നേഹം സ്വീകരിക്കപ്പെടുന്നുവെന്ന്
നീ സ്വീകരിക്കപ്പെടാന്‍ യോഗ്യനെങ്കില്‍ മാത്രം
നിന്റെ സ്നേഹം സ്വീകരിക്കപ്പെടും
നീ അസ്വീകാര്യനാണെങ്കില്‍
നിന്റെ സ്നേഹവുമതു തന്നെ.
നീ സ്നേഹിക്കേണ്ടതെപ്പോഴും

നിന്നെ മാത്രമെന്തെന്നാല്‍
നീ സ്വീകാര്യനാകുന്നതെപ്പോഴും

നിനക്ക് മാത്രമല്ലോ?

Friday, May 11, 2007

ശരിയെന്ത് തെറ്റും?

ശരി?
നീ ചെയ്യുന്നതെന്തും.
തെറ്റോ?
മറ്റുള്ളവരുടെ ചെയ്തികളെല്ലാം.


നിന്റെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാകാം.
മറ്റുള്ളവരുടെ ശരികള്‍ നിനക്ക് തെറ്റുമാകാം.
അത് ശരിയുടേയും തെറ്റിന്റേയും കുഴപ്പം.
കുഴപ്പം നിന്റേതല്ലേയല്ല.

നിന്റെ തെറ്റുകള്‍ മറ്റൊരുവന്റെ ചുമലില്‍
മറ്റൊരുവന്റെ ശരി നിന്റെ ചുമലില്‍
അതായിരിക്കണം നിന്റെ ധര്‍മ്മം
അങ്ങിനെ നീയൊരു വല്ലിയ ശരിയാകും.
തിരിച്ചാണെങ്കിലോ‍ നീ തന്നെയൊരു തെറ്റാകും.

സമൂഹം?
സമൂഹം. മണ്ണാങ്കട്ടി.
നിന്റെ ശരികള്‍ സമൂഹത്തിന് തെറ്റായി തോന്നാം.
അത് സമൂഹത്തിന്റെ ശരി.
സമൂഹം ഇന്നത്തെ തെറ്റിനെ ഒരിളുപ്പുമില്ലാതെ
നാളെ ശരിയെന്നു പറയും
ഇന്നത്തെ ശരിയെ നാളെ
തെറ്റെന്ന് പറയാനുംഇളുപ്പേതുമില്ല തന്നെ.

നിന്റെ ശരികളിലൂടെ നീ നീങ്ങുക.
മറ്റൊരുവന്റെ ശരികള്‍ക്കോപ്പം നീ നീങ്ങുമ്പോള്‍
നീയൊരു വല്ലിയ തെറ്റായി മാറും,
ചെരിപ്പിനൊപ്പം കാല്‍ മുറിക്കുമ്പോലെ.

ശരിയല്ല അല്ലേ?