Tuesday, June 19, 2007

പങ്കു കച്ചവടം...

ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ പങ്കു കച്ചവടമരുത്.
ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ പങ്കു കച്ചവടമായാല്‍
ഫലം-
ഉള്ളവന്‍ വീണ്ടും എല്ലാം ഉള്ളവനായി വളരുന്നതും
ഇല്ലാത്തവന്‍ ഒന്നുമില്ലാത്തവനായി മാറുന്നതുമാകും.

ഇല്ലാത്തവനാണ് നീയെങ്കില്‍
നിന്റെ കഴിവുകളില്‍ നിനക്ക് വിശ്വാസം ഉണ്ടാകണം.
നിന്റെ കഴിവുകളില്‍ നിനക്ക് വിശ്വാസമുണ്ടെങ്കില്‍
ഉള്ളവന്‍ നിന്നെ വിഴുങ്ങാന്‍ ശ്രമിച്ചാലും
നിന്റെ കഴിവുകള്‍ നിന്റെ രക്ഷക്കെത്തും.

ഇല്ലാത്തവനായ നിന്റെ കഴിവുകള്‍
നിനക്ക് മൂലധനമാവില്ല.
നിന്റെ മൂലധനം ഉള്ളവന്റെ ഔദാര്യവും
ഉള്ളവന്റെ മൂലധനം
നിന്റെ മേലുള്ള അധീശ്ശത്വവുമായിരിക്കും.

ഉള്ളവനല്പനെങ്കില്‍
നിന്റെ പങ്കുകാരന്‍ നിനക്ക് പങ്കുകാരനായിരിക്കില്ല.
ഇല്ലാത്തവനായ നീ നിന്റെ പങ്കുകാരനെ ഉടമയായി കാണണം
പങ്കു കച്ചവടത്തിന്റെ ഉടമയായിട്ടല്ല-
നിന്റെ ഉടമയായി.
എന്തെന്നാല്‍ ഇല്ലാത്തവനായ നീ
നിന്റെ ഉള്ളവാനായ പങ്കുകാരന്റെ അടിമയല്ലോ..

Thursday, June 14, 2007

ജീവിതമാര്‍ക്കു വേണ്ടി?...

ആര്‍ക്കുവേണ്ടി ജീവിക്കുന്നു?
ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന ചോദ്യം.
ഉത്തരവും ആവര്‍ത്തനം തന്നെ.

അതേയ് ആര്‍ക്കുവേണ്ടിയാ ജീവിതം?

മാതാവിന് വേണ്ടിയെന്നാരോ,
മാതാവിന് പിതാവ് സ്വന്തമെന്ന് ഞാന്‍.

പിതാവിന് വേണ്ടിയെന്ന് മറ്റാരോ,
പിതാവിന് മാതാവ് സ്വന്തമെന്ന് ഞാന്‍.

ഉടപ്പിറന്നോര്‍ക്കെന്ന് വേറെചിലര്‍
അല്ലെന്നെന്റെ ജീവിതം.

ഭാര്യക്ക് വേണ്ടിയെന്ന് നല്ല ഭര്‍ത്താക്കന്മാര്‍
അല്ലെന്ന് ഞാനെന്ന ദുഷ്ടന്‍.

ഭര്‍ത്താവിന് വേണ്ടിയെന്ന് പതിവ്രതകള്‍,
അല്ലെന്ന് ഞാനെന്ന ഭര്‍ത്താവ്.

മക്കള്‍ക്ക് വേണ്ടിയെന്ന് മാതാവും പിതാവും,
മക്കള്‍ക്ക് നിന്നെ വേണ്ടെങ്കിലോയെന്ന് ഞാന്‍.

മിത്രങ്ങള്‍ക്ക് വേണ്ടിയെന്ന് ശത്രുക്കളില്ലാത്തവര്‍,
മിത്രങ്ങളേയില്ലന്ന് ഞാന്‍.

സമൂഹത്തിന് വേണ്ടിയെന്ന് ഗുരുക്കന്മാര്‍,
എന്ത് സമൂഹമെന്ന് ഞാന്‍.

വരും തലമുറക്ക് വേണ്ടിയെന്ന് സമൂഹം,
തലയേയില്ലാത്തോര്‍ക്ക് പിന്നെന്തോന്ന് മുറയെന്ന് ഞാന്‍.

ഇവരാര്‍ക്കും വേണ്ടിയല്ലങ്കില്‍
പിന്നെ നിനക്ക് വേണ്ടിയെന്ന് പറയാനാ ഇത്രേം..
അല്ലേയല്ല. എനിക്ക് വേണ്ടി?
ഞാന്‍? അതെന്തൂട്ട് സാധനം?

ആര്‍ക്കുംവേണ്ടിയല്ലങ്കില്‍ പിന്നെ ജീവിതമെന്തിന് വേണ്ടി?
ജീവിതം ജീവിക്കാന്‍ വേണ്ടി.
മരിക്കുംവരെ ജീവിക്കാന്‍ വേണ്ടി.
ആ.. അതേയ് അതു തന്നെ.
ജീവിതം ജീവിച്ച് മരിക്കാന്‍ വേണ്ടി.

ഏയ് ....
ജീവിതം ജീവിച്ച് മരിക്കാന്‍ വേണ്ടിയോ..?
അതുമല്ലല്ലോ.
നീജീവിക്കുന്നുവെന്നോ?
ശുദ്ധ ഭോഷ്ക്.

പിന്നെയോ?
ജീവിതം മരിച്ചു ജീവിക്കാന്‍ വേണ്ടി.
മരിച്ചു കൊണ്ടേ ജീവിക്കാന്‍ വേണ്ടി.
ശവമായി ജീവിക്കാന്‍ വേണ്ടി.