Sunday, July 29, 2007

നീ അറിയേണ്ടുന്നത്.

ആദ്യം നീയാരെ തിരിച്ചറിയണം?

നിന്നെ?
ബന്ധുവിനെ?
മിത്രത്തെ?
ശത്രുവിനെ?

അതേയ് ആദ്യം നീ നിന്നെ തിരിച്ചറിയണം.
പിന്നെ നിന്റെ മിത്രത്തെ.

ശത്രുവിനെ നീയറിയുമുമ്പ്
നിന്റെ ബന്ധുവിനെ നീ തിരിച്ചറിഞ്ഞിരിക്കണം.
എന്തെന്നാല്‍:
മിത്രം ശത്രുവാകുന്നതും ബന്ധു മിത്രമാകുന്നതും
മിത്രമായ ബന്ധു ശത്രുവായി പരിണമിക്കുന്നതും
നീയറിയില്ല.

നീയതറിയുമ്പോഴേക്കും
നീ നിനക്ക് തന്നെ ശത്രുവായി തീര്‍ന്നിരിക്കും.
പിന്നെയും:
മിത്രം നിനക്ക് നിന്റെ നിഴല്‍ മാത്രമാകവേ
ബന്ധു നിന്റെ നിഴലിന് മേല്‍ പരക്കുന്ന ഇരുട്ടായി
നിന്നെ പൊതിയുന്നുമുണ്ടാകും.

ഒടുവില്‍:
നീയറിയുക നിന്റെ നിഴലിനെ പോലും
നിനക്കറിയാന്‍ കഴിഞ്ഞില്ലായിരുന്നുവെന്ന്

എന്നിട്ടോ:
നീയറിഞ്ഞതോ?
നീ തന്നെയും നിഴലായിരുന്നുവെന്നത്.
ഇരുട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍
കഴിയാത്ത ദുര്‍ബലമായ നിഴല്‍....

9 comments:

അഞ്ചല്‍ക്കാരന്‍ said...

നീ വെറുമൊരു നിഴല്‍. ഇരുട്ടില്‍ നിന്നും വേര്‍തിരിക്കപ്പെടാന്‍ കഴിയാത്തത്ര ദുര്‍ബലമായ നിഴല്‍....
അതുമാത്രമാണ് നീയെന്ന് നീ തിരിച്ചറിയുക.

ശ്രീ said...

"
ഒടുവില്‍:
നീയറിയുക നിന്റെ നിഴലിനെ പോലും
നിനക്കറിയാന്‍ കഴിഞ്ഞില്ലായിരുന്നുവെന്ന്..."
ഇഷ്ടമാ‍യി, വരികള്‍... എത്ര നഗ്നമായ സത്യം!
:)

സാല്‍ജോҐsaljo said...

അഹം ബ്രഹ്മാസ്മി!

കൊള്ളാം.

മുക്കുവന്‍ said...

അതേയ് ആദ്യം നീ നിന്നെ തിരിച്ചറിയണം...

ആമേന്‍..

Anonymous said...

താനാരാണെന്നു തനിക്കറിയാമോ താനെന്നോടു ചോദിക്ക് താനാരാണെന്ന് ... ഞാനാരാണെന്ന് എനിക്കറിയാമോ താനെന്നോടു ചേദിക്ക് ഞാനാരാണെന്ന്.. അപ്പോ ഞാന്‍ തനിക്കു പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും....

താനാരോ തന്നാരോ തന...

സോറിട്ടോ !!!

മുസ്തഫ|musthapha said...

“നീ തന്നെയും നിഴലായിരുന്നുവെന്നത്.
ഇരുട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍
കഴിയാത്ത ദുര്‍ബലമായ നിഴല്‍....“


വരികള്‍ നന്നായി ഇഷ്ടപ്പെട്ടു... നല്ല ആശയം!

ബാജി ഓടംവേലി said...

ചെറിയ വാക്കുകളില്‍ വലിയ വലിയ കാര്യങ്ങള്‍ നന്നയിപ്പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഞാനറിയാതെ പലനാള്‍-
ചൂടില്‍ പൊടിമന്‍ഞ്ഞു പതിഞ്ഞ-
വിയര്‍പ്പിനൊപ്പം നീയും,
തറയില്‍ പടര്‍ന്നിരുന്നു.
വെളിച്ചത്തിന്‍ ഇത്തിരി വട്ടത്തില്‍,
എന്റെ മുന്നില്‍ നീ കാലിടറിവീണു.
പിനെയെന്നോയെന്‍ വഴികള്‍,
വേര്‍പിരിഞ്ഞുനീയെന്‍ പാഴ്കിനാവായ്‌.
വഴിയരികില്‍നിന്നു നീയെന്നെ മോഹിപ്പിച്ചു.
ഞാനറിയാതെ പിന്നെയെന്നോ-
നിന്നിലേക്കെത്തി വീണ്ടും ഞാന്‍.
ഒരുനാള്‍ നിന്‍ മുഖം മണ്ണില്‍-
ഞാന്‍ പൂഴ്ത്തിയപ്പോള്‍ കേട്ടു,
എന്നെ തേടൂന്ന ഒരുപാടു നിഴലുകളാം-
കാലൊച്ചകള്‍,നിഴലുകളാം കാലൊച്ചകള്‍.
ആ കാലൊച്ചകളെല്ലാം എന്റെതാണെന്നറിയാന്‍,
ഞാന്‍ വൈകി,പണ്ടു ഞാന്‍ നേരിടാന്‍ മടിച്ച-
യാഥാര്‍ത്യങ്ങളാണാ നിഴലുകളെന്നറിയാന്‍
ഞാന്‍ വൈകി,നിഴലുകളെന്നറിയാന്‍ ഞാന്‍ വൈകി.

ഗിരീഷ്‌ എ എസ്‌ said...

യാഥാര്‍ത്ഥ്യത്തിന്റെ
വിവരണം
കൂടുതല്‍
മനോഹരമായി

അഭിനന്ദനങ്ങള്‍